Author: P JAYANATH
വി.എസ് അച്യുതാനന്ദൻ
വേലിക്കകത്ത് ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20-ന് ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ ജനിച്ചു. ദാരിദ്ര്യം കാരണം ഏഴാം ക്ലാസ്സിൽവെച്ച് പഠനമുപേക്ഷിക്കേണ്ടിവന്നു. 1939-ൽ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗത്വമെടുത്ത് രാഷ്ട്രീയപ്രവർത്തനത്തിനിറങ്ങി. 1940-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. 1942-ൽ പ്രാദേശിക ഘടകം സെക്രട്ടറി. 1943-ൽ കൃഷ്ണപിള്ളയുടെ നിർദേശാനുസരണം പാർട്ടിയും ട്രേഡ് യൂണിയൻ പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിനായി കുട്ടനാട്ടിലേക്ക് പോയി. അവിടെ കർഷകത്തൊഴിലാളി യൂണിയന് രൂപം നല്കി. കമ്മ്യൂണിസ്റ്റ് പാർട്ടി ആലപ്പുഴ ജില്ലാ സെക്രട്ടറി, കേരള സംസ്ഥാന കമ്മിറ്റി അംഗം, 1957 മുതൽ സംസ്ഥാന സെക്രേട്ടറിയറ്റംഗം, ’58 മുതൽ നാഷണൽ കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. സി.പി.ഐ.(എം.) രൂപീകൃതമായതുമുതൽ കേന്ദ്രക്കമ്മിറ്റിയിലും 1985 മുതൽ പോളിറ്റ് ബ്യൂറോയിലും അംഗം. 1980 മുതൽ 1992 വരെ പന്ത്രണ്ടു വർഷം സി.പി.ഐ.(എം.) സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. 1967, ’70, ’91, 2002, 2006 വർഷങ്ങളിൽ കേരളനിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1992-’96-ലും 2001-’06-ലും പ്രതിപക്ഷ നേതാവ്. 2006 മെയ് 18-ന് കേരള മുഖ്യമന്ത്രിയായി. ദേശാഭിമാനി ദിനപത്രത്തിന്റെയും ചിന്ത വാരികയുടെയും ചീഫ് എഡിറ്ററായി ദീർഘകാലം പ്രവർത്തിച്ചു. 2025 ജൂലൈ 21-ന് അന്തരിച്ചു.