Sree Narayanaguruvinte Sampoorna Krithikal
ഭാരതത്തിന്റെ നവോത്ഥാനശില്പികളില് പ്രമുഖനും ദാര്‍ശനീകനും കവിയും സമുദായപരിഷ്കര്‍ത്താവുമായ ശ്രീനാരായണഗുരുദേവന്റെ ആത്മജ്ഞാനത്തെ വെളിപ്പെടുത്തുന്നതായ രചനകളുടെ സമ്പൂര്‍ണ്ണസമാഹാരമാണ് ശ്രീനാരായണഗുരുവിന്റെ സമ്പൂര്‍ണ്ണകൃതികള്‍. ജാതീകൃതമായ ദുരാചാരങ്ങളാല്‍ ജീര്‍ണോന്മുഖമായ കേരളസമൂഹത്തെ നവീകരിച്ച ഗുരുദേവന്റെ സമഗ്ര ദര്‍ശനം ഈ കൃതികളില്‍ അനാവൃതമാകുന്നു. കേരളീയര്‍ക്ക് ഇന്ന് ഉദ്ബുദ്ധജനത എന്നവകാശപ്പെടാനുള്ള കരുത്തേകിയ ഒരു ദാര്‍ശനീകന്റെ ആത്മരേഖകളാണിവ
പുതിയ കേരളം ചരിത്രത്തിന്റെ ഈറ്റില്ലത്തില്‍നിന്ന് പ്രാണനാശമോ അംഗവൈകല്യമോ കൂടാതെ പുറത്തുവന്നത് ശ്രീനാരായണന്റെ അതിനിപുണമായ പ്രസൂതിതന്ത്രപ്രയോഗംകൊണ്ടാണ്. കെട്ടുപിണഞ്ഞ സിരാപടലങ്ങളുടെയും ചീഞ്ഞളിഞ്ഞ കോശനാളങ്ങളുടെയും ഇടയില്‍ കുരുങ്ങിക്കിടന്ന് ശ്വാസംമുട്ടിക്കഴിയുകയായിരുന്നു അന്ന് കേരളഗര്ഭം. എത്രയോ ചക്രവര്‍ത്തിമാരെയും ചിന്തകരെയും സാഹിത്യകാരന്മാരെയും പിറപ്പില്‍ത്തന്നെ അലസിപ്പിച്ച ക്രൗര്യത്തിന്റെ പിടിയിലായിരുന്നു അന്നത്തെ കേരളമെന്ന് കുമാരകവി ദുഃഖിച്ചു പാടുകയുണ്ടായല്ലോ… ‘ഈ പ്രസവം നടത്തിക്കുവാന്‍ ആരുണ്ട് ഭിഷക്കായിട്ട്?’ എന്ന് കേരളം അന്ന് അന്വേഷിച്ചപ്പോള്‍ കണ്ടുകിട്ടിയ അപൂര്വമഹത്ത്വമായിരുന്നു ശ്രീനാരായണ ഗുരു.
സമുദായനേതാക്കളുടെ നടുവില്‍ നിന്നുകൊണ്ട് അവരുടെ ഉദ്ദേശ്യങ്ങളില്‍നിന്നും ലക്ഷ്യങ്ങളില്‍നിന്നും വ്യത്യസ്തമായ ഒരു ദര്‍ശനം പ്രകാശിപ്പിക്കുവാന്‍ നാരായണഗുരുവിന് സാധിച്ചത് എങ്ങനെ എന്ന് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ പാരായണം ചെയ്യേണ്ടവയാണ് ശ്രീനാരായണന്റെ ആധ്യാത്മിക കൃതികള്‍. സ്വാന്തഃപ്രകാശത്തില്നിന്ന് ഉണര്‍ന്ന ഒരാചാര്യന്റെ ആത്മപ്രദ്യോതനമാണ് ആ കൃതികളുടെ അന്തസ്സത്ത. യഥാര്‍ത്ഥ ശ്രീനാരായണ ഗുരു അവയില്‍ പ്രതിബിംബിച്ചു കാണാം. സന്ധ്യയ്ക്ക് ഉപവനത്തില്‍നിന്ന് സ്വയം മറന്നുപാടിയ താന്‍സനെപ്പോലെ, ഈ കൃതികളില്‍ ഗുരു അപരതന്ത്രനായി ആത്മസാഫല്യത്തിനുവേണ്ടി സ്വന്തം നാദത്തില്‍ ഗാനം ചെയ്തിരിക്കുന്നു. ശങ്കരാചാര്യര്‍ക്കു ശേഷം ആയിരം കൊല്ലം കഴിഞ്ഞിട്ടാണ് ഇത് നടന്നതെന്നോര്‍ക്കണം. കേരളം ഭാരതത്തെ കേള്‍പ്പിച്ച വേദാന്തപ്രക്രിയയുടെ മധുരമായ മുഴക്കമത്രേ ഈ കൃതിസമാഹാരം.
ഈ കവിതാനിഷ്യന്ദമാണ് നമുക്കനുഭവപ്പെട്ട ആധുനികഗംഗ. കേരളത്തിന്റെ പഴയ അനാചാരദുഷ്കര്മങ്ങളുടെയും അദൈ്വതത്തിനു പിണഞ്ഞ സത്യലോപത്തിന്റെയും പാപസഞ്ചയത്തെ പരിഹരിക്കുന്നതിന് ആധ്യാത്മികപ്രഭയാര്ന്ന ഒരു അഭിനവഭഗീരഥന്‍ നിരന്തരമായി തപം ചെയ്തു സമാധിയുടെ സ്വര്‍ഗത്തില്‍നിന്നു നാം നിവസിക്കുന്ന ഭൂമിപാതാളങ്ങളിലേക്ക് ഒഴുക്കിയ ശ്രീനാരായണഗംഗയാണ് അമൃതസാരമായ ഈ കൃതിസമാഹാരം. ഇതു പഠിച്ചനുഭവമാക്കുന്നവര് നാടിന്റെ പാപം കളയുന്നവരായിത്തീരും.
₹495.00 ₹396.00