Jerusalem Kudiyirakkappettavante Melvilasam
ഇസ്രയേല്‍ ഫലസ്തീനില്‍ നടത്തുന്ന കൊടുംക്രൂരതകള്‍ കണ്ടില്ലെന്നു നടിക്കുകയോ മറച്ചുവെയ്ക്കുകയോ ചെയ്യുന്ന ആഗോളകാപട്യങ്ങള്ക്ക് നേരെയുള്ള ചൂണ്ടുവിരലാണ് ഡോ. ആങ് സ്വീ ചായ് യുടെ From Beirut to Jerusalem. ഫലസ്തീന് ബാലന് ഇസ്രയേല്‍ ടാങ്കിനു നേര്‍ക്ക് കല്ലെറിയുന്നത് മഹാഅപരാധമായി നാലുകോളം വാര്‍ത്തയാക്കുകയും നൂറോ അതിലധികമോ കുഞ്ഞുങ്ങളെ ഇസ്രയേല്‍ ബോംബിട്ട് കൊല്ലുന്നത് ഒറ്റക്കോളത്തിലൊതുക്കുകയും ചെയ്യുന്ന മാധ്യമജീര്ണതകളുടെ കാലത്ത് ഫലസ്തീനികളുടെ പ്രശ്നത്തെ ഒരു മനുഷ്യാവകാശ പ്രശ്നമെന്ന നിലക്ക് സംബോധന ചെയ്യുന്ന ഈ പുസ്തകം മലയാളത്തിലേക്ക് മൊഴി മാറ്റിയിരിക്കുന്നത് അബ്ദുല്ല മണിമയാണ്. ജറുസലേം, കുടിയിറക്കപ്പെട്ടവന്റെ മേല്‍വിലാസം എന്ന പുസ്തകത്തിന്റെ വായന ഒരു നടുക്കമായി, ഉള്‍ക്കിടിലമായി ദീര്‍ഘകാലം നമ്മെ പിന്തുടരുമെന്നുറപ്പാണ്. ചോര മരവിച്ചുപോകുന്ന വിവരണം. എത്ര ചോരപ്പാടങ്ങള് മറന്നാണ് ലോകം സമാധാനത്തെ കുറിച്ച് സംസാരിക്കുന്നതെന്ന് ആങ് സ്വീ ചായ് നമ്മെ ബോധ്യപ്പെടുത്തും.
ഫലസ്തീനികളുടെ പ്രതീക്ഷ പങ്കുവെച്ചാണ് ആങ് സ്വീ ചായ് പുസ്തകത്തിലേക്ക് പ്രവേശിക്കുന്നത്. “ജറുസലേമിലേക്ക്.. പ്രവാസിയായ ഓരോ ഫലസ്തീനിയുടെയും ഒരിക്കലും മരിക്കാത്ത മോഹവും സ്വപ്നവുമാണത്. 1948 ല്‍ സ്വന്തം ജ•ഗൃഹങ്ങളില്‍ നിന്നു പറിച്ചെറിയപ്പെടുകയും ലബനാനിലും സിറിയയിലും ജോര്‍ദാനിലും അങ്ങോളമിങ്ങോളം ലോകത്തെവിടെയും അലഞ്ഞുതിരിയുകയും ചെയ്യുന്ന ഓരോ ഫലസ്തീനിയുടെയും ഹൃദയത്തില്‍ അതുണ്ട്. ഇസ്രയേല്‍ എന്ന് പിന്നീട് മാറ്റിവിളിക്കപ്പെട്ട സ്വന്തം ദേശത്തേക്ക് മടങ്ങാനുള്ള ആഗ്രഹം. സ്വന്തം ഭൂമിക്ക് മേലുള്ള അവകാശബോധം. ഇന്നല്ലെങ്കില്‍ നാളെ ജറുസലേമില്‍ മടങ്ങിയെത്തുമെന്ന വിശ്വാസം.”
സംഘര്‍ഷമേഖലയില്‍ ജോലി ചെയ്ത ഒരു സര്ജന് എന്ന നിലയിലുള്ള അവരുടെ സര്‍വീസ് സ്റ്റോറിയല്ല ഈ പുസ്തകം. കുഴമറിഞ്ഞ പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തെ എല്ലാവര്ക്കും സ്വീകാര്യമാകുന്ന വിധം വിശകലനം ചെയ്യുകയുമല്ല അവര്‍ ചെയ്യുന്നത്. ഇസ്രയേല്‍ തുടച്ചുനീക്കികൊണ്ടേയിരിക്കുന്ന ഒരു നാടിന്റെയും കൊന്നുകൊണ്ടേയിരിക്കുന്ന കുറെ മനുഷ്യരുടെയും ഇടയില്‍ നിന്നുകൊണ്ട് അവര്‍ സംസാരിക്കുകയാണ്. തകര്‍ന്ന, അല്ല സയണിസ്റ്റ് രാജ്യം ബോംബിട്ടു തകര്‍ത്ത കെട്ടിടങ്ങള്‍. അതില്‍ ആശുപത്രികള്‍ പോലുമുണ്ട്. വെള്ളവും വെളിച്ചവും വിലക്കപ്പെട്ട ജനത. ഫലസ്തീനികളുടെ പ്രിയപ്പെട്ട അബൂഅമ്മാറിന്റെ പാരീസിലേക്ക് ചികിത്സക്കായി അന്ത്യയാത്ര പോകുന്നതിന്റെ മുമ്പുള്ള ആഴ്ചകളില്‍ റാമല്ലയില്‍ മെഴുകുതിരി വെട്ടത്തിലായിരുന്നു ജീവിച്ചത് എന്നോര്‍ക്കുക. അദ്ദേഹത്തിന്റെ താമസസ്ഥലത്തേക്കുള്ള വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു..! മരണം വെടിയുണ്ടയായി നെഞ്ചിലോ ബോംബുകളായി തലക്കു മുകളിലോ ഏതു നിമിഷവും വന്നു പതിച്ചേക്കാമെന്ന ആപത്ശങ്കയിലും ആത്മധൈര്യം കൈവിടാതെ പൊരുതിനില്ക്കാനുള്ള ഫലസ്തീനിയുടെ ഇച്ഛാശക്തിയെ വരച്ചിടുന്നുണ്ട് ഈ പുസ്തകം. ഫലസ്തീനികളുടെ അതിജീവനത്തെ വായിക്കുമ്പോള്‍ നമ്മള് അതിശയം കൂറും.
സബ്റ ശത്തീല കൂട്ടക്കൊല നാളുകളിലെ കാഴ്ചകള്‍ ദീര്‍ഘമായി തന്നെ വിവരിച്ചിട്ടുണ്ടവര്. കണ്ണീരും ചോരയും ഇടകലര്‍ന്നൊഴുകുന്ന വിവരണം.
“തിയേറ്ററില്‍ ഏതാനും ആളുകളുടെ ജീവന് രക്ഷിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ പുറത്ത് ക്യാമ്പില്‍ ആയിരക്കണക്കിന് ആളുകള്‍ മരിച്ചുകൊണ്ടിരിക്കുകയായിരുന്നു. കൊല ചെയ്യപ്പെടും മുന്നെ അവരൊക്കെ ഭീകരമായി പീഡിപ്പിക്കപ്പെട്ടു. കഠിനമായി മര്‍ദിക്കപ്പെട്ടവര്‍, വൈദ്യുത കമ്പികള്‍ ചുറ്റി ഷോക്കേല്‍പിക്കപ്പെട്ടവര്‍, കണ്ണുകള്‍ പിഴുതെടുക്കപ്പെട്ടവര്‍, ബലാല്‍സംഗം ചെയ്യപ്പെട്ട സ്ത്രീകള്‍, ജീവനോടെ ഡയനാമിറ്റ് വെച്ച് തകര്‍ക്കപ്പെട്ട കുഞ്ഞുങ്ങള്‍… പൊട്ടിത്തകര്‍ന്നു കിടക്കുന്ന ശരീരങ്ങള്‍ നോക്കിയിരിക്കെ ഞാനോര്‍ത്തു, മരിച്ചവര്‍ മഹാഭാഗ്യവാന്മാര്..!”
മുന്‍വിധിയുമായി വന്നയാളെങ്കിലും ഫലസ്തീനികളുടെ പ്രിയപ്പെട്ടവരിലൊരാളായാണ് ഡോ. ആങ് സ്വീ ചായ് മടങ്ങിയത്. പിന്നീടൊരിക്കല്‍ ആ മണ്ണിലേക്ക് തിരിച്ചുചെന്നപ്പോള് ഫലസ്തീനികള്‍ കാട്ടിയ സ്നേഹത്തെ കുറിച്ച് ഒരധ്യായത്തില്‍ അവര്‍ എഴുതുന്നുണ്ട്. “ബുള്‍ഡോസറുകള്‍ക്കും വിരോധികളായ പട്ടാളക്കാര്‍ക്കും മധ്യേ, പരസ്പരം ആശ്ലേഷിച്ചും ആശംസകള്‍ കൈമാറിയും ഞങ്ങള്‍ നിന്നു” എന്ന് ആങ് സ്വീ ചായ്.
₹280.00